അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ല: ഹൈക്കോടതി

  1. Home
  2. Kerala

അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ല: ഹൈക്കോടതി

high court


അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. അശ്ലീല വീഡിയോകള്‍ കാണുന്നത് വ്യക്തിയുടെ സ്വകാര്യതയാണെന്നും, കോടതിക്ക് സ്വകാര്യതയിലേക്ക് കടന്നുകയറാനാവില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. റോഡരികില്‍നിന്ന് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ടതിന് പോലീസ് അറസ്റ്റ് ചെയ്തയാള്‍ക്കെതിരായ ക്രിമിനല്‍ നടപടികൾ റദ്ദാക്കിയായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. 

"ഫോണില്‍ അശ്ലീല ഫോട്ടോകളോ വീഡിയോകളോ സൂക്ഷിച്ച്, സ്വകാര്യമായി കാണുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കുറ്റകരമല്ല. ഇത് വ്യക്തിയുടെ സ്വകാര്യ തിരഞ്ഞെടുപ്പാണ്. കോടതിക്ക് വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനാകില്ല. ഒരാള്‍ തന്റെ സ്വകാര്യ സമയത്ത് അശ്ലീല വീഡിയോ മറ്റുള്ളവര്‍ക്ക് കാണിക്കാതെ സ്വയം കാണുന്നത് കുറ്റകൃത്യമായി കണക്കാക്കാനാവില്ല. ഇത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 292 പ്രകാരം കുറ്റകരമാവില്ല"- കോടതി വ്യക്തമാക്കി.

അതേസമയം അശ്ലീല വീഡിയോ അല്ലെങ്കില്‍ ഫോട്ടോകള്‍ പ്രചരിപ്പിക്കാനോ, വിതരണം ചെയ്യാനോ, പരസ്യമായി പ്രദര്‍ശിപ്പിക്കാനോ ശ്രമിച്ചാൽ സെക്ഷന്‍ 292 ഐപിസി പ്രകാരമുള്ള കുറ്റം ചുമത്താം. അശ്ലീല വീഡിയോ കൈവശം വെച്ചതിന് തനിക്കെതിരെ എടുത്ത കേസ് നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിലെ അപകടത്തെക്കുറിച്ച് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

"ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണുകളില്‍ അശ്ലീല വീഡിയോകള്‍ എളുപ്പത്തില്‍ കുട്ടികളിലെത്തും. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനുപകരം കുട്ടികളെ വിജ്ഞാനപ്രദമായ വാര്‍ത്തകളും വീഡിയോകളും കാണിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകളിലൂടെ റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം വാങ്ങുന്നതിനുപകരം, കുട്ടികള്‍ അവരുടെ അമ്മ ഉണ്ടാക്കുന്ന സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിക്കട്ടെ. കുട്ടികളെ കളിസ്ഥലങ്ങളില്‍ കളിക്കാന്‍ അനുവദിക്കണം. ഇത്തരം കാര്യങ്ങള്‍ മാതാപിതാക്കളാണ് ശ്രദ്ധിക്കേണ്ടത്"- കോടതി ഓര്‍മിപ്പിച്ചു.