പ്രിയ വർഗീസ് നിയമനം: മുഴുവൻ രേഖകളും സുപ്രീം കോടതിയിൽ ഹാജരാക്കാൻ കണ്ണൂർ സർവകലാശാല
കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സുപ്രീം കോടതിയിൽ ഹാജരാക്കാൻ സർവകലാശാല തീരുമാനം. വിവാദമായ ഇന്റർവ്യൂ ലിസ്റ്റ്, റിസർച്ച് സ്‌കോർ ഉൾപ്പെടെയുള്ള രേഖകളാണ് കോടതിക്ക് കൈമാറുക. ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്‌ണോയ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പ്രിയ വർഗീസിന്റെ നിയമനത്തെ ന്യായീകരിച്ച് നേരത്തെ നൽകിയ സത്യവാങ്മൂലം പിൻവലിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന നിയമോപദേശത്തെ തുടർന്നാണ് പുതിയ നീക്കം. സത്യവാങ്മൂലം പിൻവലിക്കാതെ, നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും നേരിട്ട് കോടതിയിൽ സമർപ്പിച്ച് ക്രമക്കേടുകൾ ബോധ്യപ്പെടുത്താനാണ് സർവകലാശാലയുടെ തീരുമാനം.
സർവകലാശാല നടത്തിയ പരിശോധനയിൽ റിസർച്ച് സ്‌കോർ പട്ടികയിൽ പ്രിയ വർഗീസ് അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാൽ ഇന്റർവ്യൂവിന് പിന്നാലെ അവർ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. നിയമനത്തിൽ ക്രമക്കേടുകൾ ഉണ്ടായതായി പരിശോധനയിൽ കണ്ടെത്തിയെന്നാണ് സർവകലാശാലയുടെ നിലപാട്.
സർവകലാശാലയ്ക്കായി മുതിർന്ന അഭിഭാഷകൻ നിഖിൽ ഗോയലും അഭിഭാഷകൻ പി.എസ്. സുൽഫിക്കർ അലിയും സുപ്രീം കോടതിയിൽ ഹാജരാകും. സർവകലാശാലയുടെ പുതിയ നീക്കത്തിന് സംസ്ഥാന സർക്കാരിന്റെ പിന്തുണയുമുണ്ട്.
അതേസമയം, പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കണമെന്നാണ് യുജിസി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. യുജിസിക്കായി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ഹാജരാകും.
