പ്രിയദർശിനി പദ്ധതി: കെ.എസ്.ആർ.ടി.സിയിൽ ഒരൊറ്റ ദിവസം കൊണ്ട് യാത്ര ചെയ്തത് 13.29 ലക്ഷം സ്ത്രീകൾ
സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതി പ്രകാരം കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ആരംഭിച്ച തിങ്കളാഴ്ച വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് ആറ് ലക്ഷത്തോളം സ്ത്രീകളാണ് ഇന്നലെ അധികമായി യാത്ര ചെയ്തത്. ആകെ 13,29,938 സ്ത്രീകൾ യാത്ര ചെയ്തതിൽ 7,83,115 പേരും 'സീറോ ടിക്കറ്റ്' വഴിയാണ് യാത്ര നടത്തിയത്. പദ്ധതി ഉദ്ഘാടനം ചെയ്ത രാവിലെ 10 മണിക്ക് മുൻപ് ടിക്കറ്റെടുത്ത് യാത്ര ചെയ്തവരാണ് ബാക്കിയുള്ളവർ.
കഴിഞ്ഞ തിങ്കളാഴ്ച 7,34,693 സ്ത്രീകൾ യാത്ര ചെയ്ത സ്ഥാനത്താണ് ഇന്നലെ 5,95,245 പേരുടെ വർദ്ധനവുണ്ടായത്. ഇതോടെ സീറോ ടിക്കറ്റ് ഇനത്തിൽ ആദ്യദിനം മാത്രം സർക്കാരിന് 1.59 കോടിയിലധികം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായി. അതേസമയം, സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച 6.94 ലക്ഷം പുരുഷന്മാർ യാത്ര ചെയ്ത സ്ഥാനത്ത് ഇന്നലെ അത് 2,26,673 ആയി കുറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി യു.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. സംസ്ഥാനത്തെ 3,125 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും നിലവിൽ സൗജന്യ യാത്രാ സൗകര്യമുള്ളത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ടൗൺ ടു ടൗൺ തുടങ്ങിയ വിഭാഗങ്ങളിലെ ബസുകളിലെല്ലാം ഈ സൗകര്യം ലഭ്യമാണ്.
