പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; പാലക്കാട് വിതരണം ചെയ്തത് 62 ലക്ഷത്തിലേറെ സീറോ ടിക്കറ്റുകൾ
കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന 'പ്രിയദർശിനി' പദ്ധതി പാലക്കാട് ജില്ലയിൽ വൻ വിജയത്തിലേക്ക്. പദ്ധതി പ്രാബല്യത്തിൽ വന്ന് 142 ദിവസം പൂർത്തിയാകുമ്പോൾ 62,08,613 സീറോ ടിക്കറ്റുകളാണ് ജില്ലയിൽ വിതരണം ചെയ്തത്. നവംബർ രണ്ടു വരെയുള്ള ഔദ്യോഗിക കണക്കുകളാണിത്. യാത്രക്കാർക്കിടയിൽ പദ്ധതിക്ക് ലഭിക്കുന്ന വൻ സ്വീകാര്യതയാണ് ഈ നിരക്ക് വ്യക്തമാക്കുന്നത്.
പാലക്കാട്, ചിറ്റൂർ, വടക്കഞ്ചേരി, മണ്ണാർക്കാട് എന്നീ നാല് ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് പദ്ധതി ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇതിൽ പാലക്കാട് യൂണിറ്റിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ സീറോ ടിക്കറ്റ് സൗകര്യം പ്രയോജനപ്പെടുത്തിയത്—26,32,971 പേർ. ചിറ്റൂരിൽ 10,53,905 പേരും വടക്കഞ്ചേരിയിൽ 13,29,593 പേരും മണ്ണാർക്കാട് 11,92,144 പേരും പദ്ധതിയുടെ ഭാഗമായി സീറോ ടിക്കറ്റ് കൈപ്പറ്റി.
സീറോ ടിക്കറ്റ് സംവിധാനത്തിലൂടെ ഇതുവരെ 18,96,85,714 രൂപയുടെ വരുമാനമാണ് കെ.എസ്.ആർ.ടി.സിക്ക് സമാഹരിക്കാനായത്. പാലക്കാട് ഡിപ്പോയിൽ നിന്ന് 9,02,90,037 രൂപയും ചിറ്റൂരിൽ നിന്ന് 3,22,89,296 രൂപയും വടക്കഞ്ചേരിയിൽ നിന്ന് 3,78,98,740 രൂപയും മണ്ണാർക്കാട് നിന്ന് 2,92,07,641 രൂപയുമാണ് ലഭിച്ചത്. സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാൻ പ്രിയദർശിനി പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
