"രുചിയുടെ ഹൈക്കമാൻഡ്'' സപ്ലൈകോയുടെ പരസ്യവാചകം പിൻവലിക്കണമെന്ന് കോൺഗ്രസ് അനുകൂല സംഘടനകൾ
സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണ പാക്കറ്റിലെ ''രുചിയുടെ ഹൈക്കമാൻഡ്'' എന്ന പരസ്യവാചകത്തിനെതിരെ കോൺഗ്രസ് അനുകൂല സംഘടനകൾ രംഗത്ത്. പരസ്യവാചകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ എൻജിഒ അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി.പുറത്തിറക്കിയ പുതിയ ശബരി വെളിച്ചെണ്ണ പാക്കിലാണ് വിവാദമായ പരസ്യവാചകം ഉൾപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾക്കിടെ ''ഹൈക്കമാൻഡ്'' എന്ന പ്രയോഗം ഉപയോഗിച്ചതിലൂടെ കോൺഗ്രസ് നേതൃത്വത്തെ പരിഹസിക്കാനാണ് ശ്രമിച്ചതെന്നാരോപിച്ചാണ് പ്രതിഷേധം.
സിവിൽ സപ്ലൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും ഇടതു അനുകൂല സർവീസ് സംഘടനകളുടെ സ്വാധീനമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും കോൺഗ്രസ് അനുകൂല സംഘടനകൾ ആരോപിച്ചു.
അതേസമയം, വിപണിയിലെത്തിയ പാക്കറ്റുകൾ ഉടൻ പിൻവലിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് സപ്ലൈകോ അധികൃതർ സംഘടനാ പ്രതിനിധികളെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
