വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് നിരോധനാജ്ഞ; പടക്ക വിൽപ്പനയ്ക്ക് വിലക്ക്
വോട്ടെണ്ണൽ ദിനത്തിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണലിന് ശേഷമുള്ള വിജയാഘോഷങ്ങൾ അതിരു കടന്നാലോ സംഘർഷസാധ്യത ഉണ്ടായാലോ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിനായി വോട്ടെണ്ണൽ ദിവസം ജില്ലയിൽ പടക്ക വിൽപ്പനയ്ക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
മുൻകരുതൽ നടപടികളുടെ ഭാഗമായി പോലീസും കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു:
- ആഹ്ലാദ പ്രകടനങ്ങൾക്ക് അതത് പോലീസ് സ്റ്റേഷനുകളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം.
- പ്രകടനങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലങ്ങൾ മുൻകൂട്ടി പോലീസിനെ അറിയിച്ചിരിക്കണം.
- എല്ലാ ആഹ്ലാദ പ്രകടനങ്ങളും രാത്രി 7 മണിക്ക് മുൻപായി അവസാനിപ്പിക്കേണ്ടതാണ്.
- ഡിജെ പാർട്ടികൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
- പ്രകടനങ്ങളിൽ പടക്കം പോലുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു.
