'മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാമെന്ന വാഗ്ദാനം'; പരാതിയുമായി വിദ്യ ബാലകൃഷ്ണൻ എം.എൽ.എ

  1. Home
  2. Kerala

'മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാമെന്ന വാഗ്ദാനം'; പരാതിയുമായി വിദ്യ ബാലകൃഷ്ണൻ എം.എൽ.എ

vidya mla


പണം നൽകിയാൽ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് ഫോൺ സന്ദേശം. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നുമായിരുന്നു വാഗ്ദാനം. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് വ്യാജേനയാണ് ഫോൺ കോൾ എത്തിയത്. സംഭവത്തിൽ എം.എൽ.എ സൈബർ സെല്ലിൽ പരാതി നൽകി.

ഈ മാസം ആറിനാണ് വിദ്യ ബാലകൃഷ്ണന് വാട്‌സാപ്പ് വഴി കോൾ വരുന്നത്. വയനാട് എം.പിയുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്നും 'രാജ്കുമാർ' എന്നാണ് തന്റെ പേരെന്നുമാണ് വിളിച്ചയാൾ പരിചയപ്പെടുത്തിയത്. കേരളത്തിലെ ഒരു എം.പിയാണ് തനിക്ക് ഫോൺ നമ്പർ നൽകിയതെന്നും ഇയാൾ അവകാശപ്പെട്ടു. തട്ടിപ്പ് മനസ്സിലാക്കിയ എം.എൽ.എ പണം തരാമെന്ന് സമ്മതിച്ച് തട്ടിപ്പുകാരനെ തന്ത്രപരമായി സംഭാഷണത്തിൽ ഒപ്പം നിർത്തി.

തുടർന്ന്, തനിക്ക് നമ്പർ നൽകി എന്ന് തട്ടിപ്പുകാരൻ പറഞ്ഞ കേരളത്തിലെ എം.പിയെ വിദ്യ ബാലകൃഷ്ണൻ നേരിട്ട് വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. എ.ഐ.സി.സി ആസ്ഥാനത്തുനിന്നാണെന്ന് പറഞ്ഞ് ഒരാൾ തങ്ങളെയും ബന്ധപ്പെട്ടിരുന്നുവെന്നും ജില്ലയിലെ രണ്ട് എം.എൽ.എമാരുടെ ഫോൺ നമ്പർ വാങ്ങിയിരുന്നുവെന്നും പ്രസ്തുത എം.പിയും സ്ഥിരീകരിച്ചു. തുടർന്ന് ഇരുവരും ചേർന്ന് വയനാട് എം.പിയുടെ ഡൽഹി ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഓഫീസിൽ നിന്ന് ആരും ഇങ്ങനെ വിളിച്ചിട്ടില്ലെന്ന് വ്യക്തമായത്. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ഈ മാസം 11-ന് എം.എൽ.എ സൈബർ സെല്ലിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. ഡൽഹിയിൽ നിന്നാണ് വ്യാജ ഫോൺ കോൾ എത്തിയതെന്ന് സൈബർ സെൽ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.