ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ, ഡി.സി.സി ഓഫീസിന് നേരെ കല്ലേറ്

  1. Home
  2. Kerala

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ, ഡി.സി.സി ഓഫീസിന് നേരെ കല്ലേറ്

kannur


മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിനിടെ കണ്ണൂർ ഡി.സി.സി ഓഫീസിന് നേരെ കല്ലേറുണ്ടായി. ഇതോടെ കണ്ണൂർ നഗരത്തിൽ സി.പി.എം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുന്ന സംഘർഷാവസ്ഥ ഉടലെടുത്തു. ഡി.സി.സി ഓഫീസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച എസ്.എഫ്.ഐ പ്രവർത്തകരെ തടയാൻ കോൺഗ്രസ് പ്രവർത്തകർ കൂടി എത്തിയതോടെ സ്ഥിതിഗതികൾ വഷളാവുകയായിരുന്നു. ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്, എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

ഡി.സി.സി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഇത് പോലീസും പ്രവർത്തകരും തമ്മിലുള്ള ഉന്തും തള്ളും വലിയ വാഗ്വാദങ്ങൾക്കും കാരണമായി. ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് പാർട്ടി ഓഫീസുകളും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത് എന്നത് സംഘർഷത്തിന്റെ വ്യാപ്തി കൂട്ടിയിട്ടുണ്ട്.

സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി കണ്ണൂർ നഗരത്തിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. ഇരു പാർട്ടി ഓഫീസുകൾക്കും പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.