വിബി ജി റാം ജി ബില്ലിനെതിരെ പ്രതിഷേധം; ഹൈബി ഈഡനും ഷാഫി പറമ്പിലും ഉൾപ്പെടെയുള്ള എംപിമാർക്കെതിരെ അവകാശ ലംഘന നോട്ടീസ്
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച 'വിബി-ജി റാം ജി' (വികസിത് ഭാരത് റോസ്ഗാർ ആൻഡ് അജീവിക മിഷൻ - ഗ്രാമീൺ) ബില്ലിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ സംഭവങ്ങളിൽ പ്രതിപക്ഷ എംപിമാർക്കെതിരെ അവകാശ ലംഘന നോട്ടീസ്. ബിജെപി എംപിയായ സഞ്ജയ് ജയ്സ്വാളാണ് കേരളത്തിൽ നിന്നുള്ള എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾക്കെതിരെ ലോക്‌സഭാ സ്പീക്കർക്ക് നോട്ടീസ് നൽകിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള എസ്. മുരസൊളി, കെ. ഗോപിനാഥ്, ശശികാന്ത് സെന്തിൽ, എസ്. വെങ്കിടേശൻ, ജോതിമണി തുടങ്ങിയവരുടെ പേരും നോട്ടീസിൽ പരാമർശിക്കുന്നുണ്ട്.
സഭാ നടപടികൾക്കിടെ അംഗങ്ങൾ മോശം പദങ്ങൾ ഉപയോഗിക്കുകയും നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തുവെന്നാണ് നോട്ടീസിലെ പ്രധാന ആരോപണം. ലോക്‌സഭാ സെക്രട്ടറി ജനറൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മേശയ്ക്കരികിലെത്തി ബഹളം വെക്കുകയും, ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടി നൽകിയ കൃഷി-ഗ്രാമവികസന മന്ത്രിയെയും അദ്ദേഹത്തെ സഹായിച്ച ഉദ്യോഗസ്ഥരെയും തടസ്സപ്പെടുത്തുകയും ചെയ്തു. സഭയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും സഭയെ അവഹേളിക്കുകയും ചെയ്ത അംഗങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും സഞ്ജയ് ജയ്സ്വാൾ ആവശ്യപ്പെട്ടു.
അതേസമയം, പുതിയ തൊഴിലുറപ്പ് നിയമം, ആണവോർജ്ജ ബില്ല് തുടങ്ങി നിരവധി സുപ്രധാന നിയമനിർമ്മാണങ്ങൾ പാസ്സാക്കിയ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് (ഡിസംബർ 19) അവസാനിച്ചു. ഡിസംബർ ഒന്നിന് ആരംഭിച്ച സമ്മേളനത്തിൽ വോട്ടർ പട്ടിക പരിഷ്കരണം, ഡൽഹിയിലെ വായു മലിനീകരണം തുടങ്ങിയ വിഷയങ്ങളിലും സഭ ചർച്ച നടത്തി. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധങ്ങൾക്കിടയിലാണ് പ്രധാന ബില്ലുകളെല്ലാം സർക്കാർ പാസ്സാക്കിയെടുത്തത്.
