പുഷ്പവതിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധം; മേയർ മാപ്പ് പറയണമെന്ന് ആവശ്യം
ഗായിക പുഷ്പവതിയുടെ പരിപാടിക്ക് മാനവീയം വീഥിയിൽ അനുമതി നിഷേധിച്ചെന്നാരോപിച്ച് പ്രതിഷേധം ശക്തം. മാനവീയം സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. മേയർ വി.വി. രാജേഷ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോർപ്പറേഷൻ സെക്രട്ടറിയെ ഉപരോധിച്ച പ്രവർത്തകരെ പിന്നീട് പൊലീസ് നീക്കം ചെയ്തു.
മാനവീയം സാംസ്കാരിക കൂട്ടായ്മയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഗായിക പുഷ്പവതിയുടെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ ബി.ജെ.പി ഭരിക്കുന്ന കോർപ്പറേഷൻ പരിപാടിക്ക് അനുമതി നൽകിയില്ലെന്നാണ് സംഘാടകരുടെ ആരോപണം. എല്ലാ പരിപാടികൾക്കും അനുമതി നൽകാനാകില്ലെന്നും മാനവീയം വീഥി ആർക്കും എന്തും നടത്താനുള്ള ഇടമല്ലെന്നുമാണ് മേയറുടെ നിലപാട്.
അതേസമയം, പരിപാടി നടത്തുന്നതിനുള്ള അപേക്ഷ കോർപ്പറേഷന് ലഭിച്ചിട്ടില്ലെന്നാണ് മേയർ വി.വി. രാജേഷിന്റെ വിശദീകരണം. നടപടിയിൽ പ്രതിഷേധിച്ച് വിവിധ സാംസ്കാരിക സംഘടനകൾ കഴിഞ്ഞ ദിവസം മാനവീയം വീഥിയിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു. നാടൻപാട്ട് കലാകാരന്മാരും പിന്നണി ഗായകരും പങ്കെടുത്ത പരിപാടിയിൽ വരുംദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സംഘാടകരുടെ തീരുമാനം.
