സമരക്കാർ മന്ത്രിയുടെ കഴുത്തിന് പിടിച്ചുതള്ളി; കയ്യേറ്റം അപലപനീയമെന്ന് സ്പീക്കർ ഷംസീർ
പ്രതിഷേധത്തിന്റെ പേരിൽ മന്ത്രിമാരെ തെരുവിൽ കയ്യേറ്റം ചെയ്യുന്നത് ശരിയല്ലെന്നും കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്നും നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് സ്പീക്കറുടെ പ്രതികരണം. സംഭവം നടക്കുമ്പോൾ താനും അവിടെയുണ്ടായിരുന്നുവെന്നും ഒരു വനിതാ മന്ത്രിയെ ജനാധിപത്യ സമൂഹത്തിൽ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റതെന്നും നിലവിൽ അവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ മൂലം അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. സമരക്കാർ മന്ത്രിയെ കഴുത്തിന് പിടിച്ചുതള്ളുന്ന സാഹചര്യമുണ്ടായി. രാഷ്ട്രീയമായി കരിങ്കൊടി കാണിക്കുന്നത് സ്വാഭാവികമാണെങ്കിലും വ്യക്തിപരമായി ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. സമരങ്ങളിലൂടെ കടന്നുവന്നവരാണ് തങ്ങളെങ്കിലും ഇത്തരം ഒരു രീതി ആരും സ്വീകരിച്ചിട്ടില്ലെന്നും യു.ഡി.എഫ് നേതൃത്വം ഇതിൽ ഇടപെടണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വന്ദേഭാരത് എക്സ്പ്രസ്സിൽ തിരുവനന്തപുരത്തേക്ക് പോകാനെത്തിയപ്പോഴായിരുന്നു മന്ത്രിക്കു നേരെ പ്രതിഷേധമുണ്ടായത്. ആക്രമണത്തെത്തുടർന്ന് യാത്ര റദ്ദാക്കിയ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തനിക്ക് കൈയ്ക്ക് കടുത്ത വേദനയുണ്ടെന്നും കഴുത്ത് അനക്കാൻ കഴിയുന്നില്ലെന്നും മന്ത്രി വീണാ ജോർജ് പ്രതികരിച്ചു.
