സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്താത്തതിന് പ്രകോപനം; യുവതി കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് അടിച്ചുതകർത്തു
കോഴിക്കോട് മാങ്കാവിന് സമീപം സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ട് യുവതി കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് അടിച്ചുതകർത്തു. കട്ടപ്പനയിൽ നിന്ന് പുൽപ്പള്ളിയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന് നേരെയാണ് ആക്രമണമുണ്ടായത്. സ്വകാര്യ ആശുപത്രിക്ക് മുൻവശം ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവതിയുടെ പ്രകോപനം.
മിംസ് ആശുപത്രിക്ക് മുന്നിൽ ബസ് നിർത്തണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും അവിടെ സ്റ്റോപ്പില്ലെന്ന് ഡ്രൈവറും കണ്ടക്ടറും വ്യക്തമാക്കി. എന്നാൽ ഇത് വകവെക്കാതെ യുവതി ബഹളം വെക്കുകയും ഡ്രൈവർ തെറ്റായ ദിശയിലാണ് വാഹനമോടിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു. ഇതിനിടയിലാണ് ബസിന്റെ സൈഡ് ഗ്ലാസ് യുവതി അടിച്ചുതകർത്തത്. നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.
സംഭവത്തെത്തുടർന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പോലീസിൽ വിവരമറിയിച്ചു. പൊതുമുതൽ നശിപ്പിച്ചതിനും ബസിന് കേടുപാടുകൾ വരുത്തിയതിനും യുവതിയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി. പിഴ തുക ഒടുക്കിയതിനെത്തുടർന്ന് അധികൃതർ പ്രശ്നം ഒത്തുതീർപ്പാക്കി യുവതിയെ വിട്ടയച്ചു. യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി പരത്തിയ സംഭവമാണിത്.
