കാട്ടാനയെ പ്രകോപിച്ചു; കേസെടുത്ത് വനം വകുപ്പ്
വയനാട്ടിൽ കാട്ടാനയെ പ്രകോപിപ്പിച്ചവർക്കെതിരെ കേസെടുത്ത് വനംവകുപ്പ്. സുൽത്താൻബത്തേരി പുൽപ്പള്ളി പാതയിൽ വാഹനം നിർത്തി 3 പേരാണ് കാട്ടാനയെ പ്രകോപിപ്പിച്ചത്. വാഹന ഉടമയോട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. റോഡിലൂടെ ചേർന്നുള്ള സ്ഥലത്ത് പുൽത്തകിടിയിൽ മേയുകയായിരുന്ന കാട്ടാന. അപ്പോഴാണ് എറണാകുളം സ്വദേശി വാഹനം നിർത്തി കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചത്. ആനയെ പ്രകോപിപ്പിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തു. തുടർന്ന് ആന ഇവർക്ക് നേരെ പാഞ്ഞടുക്കുന്ന സംഭവവുമുണ്ടായി.
പിന്നാലെ വന്നവരാണ് ഈ ദൃശ്യങ്ങൾ പകർത്തി കുറിച്യാട് റേഞ്ച് ഓഫീസർക്ക് അയച്ചു കൊടുത്തത്. വനത്തിൽ അതിക്രമിച്ചു കടന്നു, കാട്ടുമൃഗങ്ങളെ ശല്യപ്പെടുത്തി, എന്നീ വകുപ്പുകളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. വന്യജീവി സങ്കേതത്തിന്റെ ഭാഗമായുള്ള സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്. വന്യജീവി സങ്കേതത്തിന്റെ ഭാഗമായുള്ള സ്ഥലത്ത് ഇത്തരം സംഭവങ്ങൾ നടന്നാൽ അത് വേട്ടയാടലിന് തുല്യമായിട്ടുള്ള കാര്യമായിട്ടാണ് പരിഗണിക്കുന്നതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. വാഹന ഉടമയോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷമായിരിക്കും തുടർനടപടികൾ.