പിഎസ്സി പരീക്ഷാ ക്രമക്കേട്: കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച്

  1. Home
  2. Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്: കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച്

psc


പിഎസ്സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. രണ്ടാഴ്ചയ്ക്കകം ഒരു കേസ് കൂടി രജിസ്റ്റർ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മറ്റൊരു പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളിൽ നിന്ന് ലഭിച്ച പരാതികളിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ കേസ്.

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ അവയിലും കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ക്രമക്കേടിൽ പിഎസ്‌സിയിലെ ഉദ്യോഗസ്ഥരുടെ പങ്ക് തെളിയിക്കുന്ന വിവരങ്ങൾ എസ്ഐടിക്കു ലഭിച്ചതായാണ് സൂചന. പരീക്ഷാ മൂല്യനിർണയത്തിൽ തിരിമറി നടത്തി ക്രമക്കേടിനു വഴിയൊരുക്കിയെന്നാണ് ഇതുവരെ ലഭിച്ച തെളിവുകൾ വിരൽചൂണ്ടുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി പിഎസ്സി ആസ്ഥാനത്തെത്തിയ എസ്ഐടി സംഘം രേഖകൾ പരിശോധിച്ചു. സൈബർ വിദഗ്‌ധരുടെ സഹായത്തോടെയാണു പരിശോധന. പരീക്ഷകൾക്ക് ഓൺലൈനായി മാർക്ക് നൽകുന്ന ഓൺ സ്ക്രീൻ മാർക്കിങ്ങിന്റെ പ്രവർത്തനരീതി എസ്ഐടി പരിശോധിച്ചു. നാളെയും പരിശോധന തുടരും..

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട തെളിവുകൾ വൈകാതെ കോടതിയിൽ സമർപ്പിക്കും. നിലവിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ആരുടെയും പേര് പ്രതിയായി രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണത്തിൽ കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിസ്ഥാനത്തുള്ളവരുടെ പേരുകൾ ഉൾപ്പെടുത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.