പിഎസ്സി അംഗങ്ങളുടെ ചോദ്യം ചെയ്യൽ: ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന് എസ്‌ഐടി

  1. Home
  2. Kerala

പിഎസ്സി അംഗങ്ങളുടെ ചോദ്യം ചെയ്യൽ: ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന് എസ്‌ഐടി

psc


പിഎസ്സി പരീക്ഷാ ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിനായി പിഎസ്സി അംഗങ്ങൾ ക്രൈംബ്രാഞ്ച് ഓഫീസിൽ തന്നെ ഹാജരാകണമെന്ന നിലപാടിൽ ഉറച്ച് എസ്‌ഐടി. ഇക്കാര്യം വ്യക്തമാക്കി ഐജി അജിത ബീഗം പിഎസ്സി സെക്രട്ടറിയുടെ കത്തിന് മറുപടി നൽകി. പിഎസ്സിയുടെ പ്രോട്ടോകോൾ ചോദ്യം ചെയ്യലിന് ബാധകമല്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥർ പിഎസ്സി ആസ്ഥാനത്ത് എത്തണമെന്നായിരുന്നു പിഎസ്സി സെക്രട്ടറിയുടെ ആവശ്യം. എന്നാൽ നാല് പിഎസ്സി അംഗങ്ങൾക്കാണ് നിലവിൽ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരിക്കുന്നത്. അംഗങ്ങളുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമാകും ചെയർമാൻ കെ.ആർ. ബൈജുവിനെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുക.

നിയമോപദേശം ലഭിച്ച ശേഷം തിങ്കളാഴ്ച ചേരുന്ന പിഎസ്സി യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. പരീക്ഷാ ക്രമക്കേടിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും എസ്‌ഐടി അന്വേഷിക്കുന്നുണ്ട്. പരീക്ഷാ മൂല്യനിർണയത്തിലെ പിഴവ് അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്നും പ്രതികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്.