പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി; ഇന്ന് മുതൽ 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം

  1. Home
  2. Kerala

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി; ഇന്ന് മുതൽ 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം

Election


ഉമ്മൻ ചാണ്ടിയുടെ മരണത്തെത്തുടർന്ന് പുതുപ്പളളിയിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. സെപ്റ്റർ അഞ്ചിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഇന്നു മുതൽ 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാനാവും. 18ന് പത്രികകളുടെ സൂഷ്മപരിശോധന നടക്കും. 21 വരെ പത്രിക പിൻവലിക്കാനാവും. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ് നടക്കുക. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

പോളിങ് ശതമാനം ഉയർത്തുന്നതിനോടൊപ്പം പരമാവധി പുതിയ വോട്ടർമാരെ പോളിം​ങ് ബൂത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. മണ്ഡലത്തിൽ 96 ഇടങ്ങളിലായി 182 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കുക. ഇതോടൊപ്പം ഭിന്നശേഷി സൗഹൃദ ബൂത്തുകളും, ​ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുള്ള ഹരിത ബൂത്തുകളും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. മണ്ഡലത്തിൽ 1,75,605 വോട്ടർമാരാണുള്ളത്. ഇതിൽ 89,897 പേർ സ്ത്രീകളും, 85,705 പേർ പുരുഷന്മാരും, മൂന്ന് പേർ ഭിന്ന ലിംഗ വോട്ടർമാരുമാണ്.

80 വയസിനു മുകളിൽ 6376 വോട്ടർമാരാണുള്ളത്. ഭിന്നശേഷിക്കാരായ 1765 വോട്ടർമാരിൽ 1023 പേർ പുരുഷന്മാരും 742 സ്ത്രീകളുമാണ്. 133 പുരുഷന്മാരും 48 സ്ത്രീകളും ഉൾപ്പെടെ 181 പ്രവാസി വോട്ടർമാരും, 138 സർവീസ് വോട്ടർമാരും മണ്ഡലത്തിലുണ്ട്. ഈ മാസം 17 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയമുണ്ട്.

എല്ലാ പോളിങ് സ്റ്റേഷനുകളിലും ഇവിഎമ്മുകളും വിവിപാറ്റുകളും ഉപയോഗിക്കും. ആവശ്യത്തിന് അനുസരിച്ച് ഇവിഎമ്മുകളും വിവിപാറ്റുകളും ലഭ്യമാക്കുകയും ചെയ്യും. മെഷീനുകളുടെ സഹായത്തോടെ വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ ഇതുസംബന്ധിച്ച വിവരം ടെലിവിഷനിലൂടെയും പത്രത്തിലൂടെയും പ്രചാരണസമയത്ത് മൂന്ന് തവണ പരസ്യപ്പെടുത്തണം. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്ന പാർട്ടികൾ വെബ്സൈറ്റിലും ഇക്കാര്യം വ്യക്തമാക്കണം.