കെ.ടി.ഡി.സി അധ്യക്ഷ പദവി ആവശ്യപ്പെട്ട് പി.വി. അൻവർ; മുഖ്യമന്ത്രിക്ക് കത്ത് നൽകി
ബോർഡ്-കോർപ്പറേഷൻ പദവികളുടെ വിഭജനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ, കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് പി.വി. അൻവർ രംഗത്തെത്തി. തന്നെ കെ.ടി.ഡി.സി ചെയർമാനാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന് അദ്ദേഹം കത്ത് കൈമാറി. തനിക്കൊപ്പമുള്ള മറ്റ് മൂന്ന് പേർക്ക് കൂടി സ്ഥാനമാനങ്ങൾ നൽകണമെന്ന ആവശ്യവും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് പുറമെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരെയും അൻവർ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സജി മഞ്ഞക്കടമ്പൻ ഉൾപ്പെടെയുള്ളവർക്ക് പദവികൾ നൽകേണ്ടതിന്റെ പ്രാധാന്യമാണ് അദ്ദേഹം നേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഈ ആവശ്യങ്ങൾ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അൻവറിനൊപ്പമുള്ളവർ.
അതേസമയം, കെ.ടി.ഡി.സി അധ്യക്ഷ പദവിക്കായി കോൺഗ്രസിലെ മുതിർന്ന നേതാക്കളും രംഗത്തുണ്ട്. പ്രധാനപ്പെട്ട പദവികളിലൊന്നായ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കരുതെന്ന അഭിപ്രായമാണ് കോൺഗ്രസിനുള്ളിലുള്ളത്. സർക്കാർ അധികാരത്തിലെത്തി ആറ് മാസം പിന്നിട്ടിട്ടും ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ നടത്താത്തത് യു.ഡി.എഫിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. മുൻ ഇടതുസർക്കാർ നിയമിച്ചവർ തന്നെ തൽസ്ഥാനങ്ങളിൽ തുടരുന്നതിനെതിരെ യു.ഡി.എഫ് നേതാക്കൾ നേരത്തെ പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു.
