നാമജപയാത്രക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന ഹർജി: സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

  1. Home
  2. Kerala

നാമജപയാത്രക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന ഹർജി: സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Namajapayatra


നാമജപയാത്രക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ജസ്റ്റിസ് എ.രാജാ വിജയരാഘവനാണ് ഹർജി പരിഗണിച്ചത്. തന്നെയും കണ്ടാൽ അറിയാവുന്ന ആയിരത്തോളം എൻഎസ്എസ് പ്രവർത്തകരെയും പ്രതി ചേർത്ത് കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വെള്ളിയാഴ്ച വീണ്ടും കോടതി ഹർജി പരിഗണിക്കും.

തിരുവനന്തപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ രണ്ടാം തീയ്യതി വൈകിട്ട് 5.30ന് പാളയം ഗണപതി ക്ഷേത്രത്തിനടുത്ത് എൻഎസ്എസ് നാമജപ യാത്രയ്ക്കായി നിയമവിരുദ്ധമായി സംഘം ചേർന്നെന്നാണു കേസ്. സംഗീത് കുമാറാണ് കേസിലെ ഒന്നാം പ്രതി. സ്പീക്കർ എ.എൻ ഷംസീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു നാമജപയാത്ര നടത്തിയത്. 

നിയമവിരുദ്ധമായി സംഘംചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസ്സപ്പെടുത്തൽ, പൊലീസിന്റെ നിർദേശം പാലിക്കാതിരിക്കൽ, ശബ്ദശല്യമുണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഗണപതി ക്ഷേത്രത്തിനടുത്ത് വെച്ച് സമാധാനപരമായ പ്രതിഷേധമാണ് സംഘടിപ്പിച്ചതെന്നും, മുദ്രാവാക്യം മുഴക്കിയില്ലെന്നും, ഗണേശനോടുള്ള പ്രാർഥനയും കീർത്തനങ്ങളും മാത്രമാണ് ഉണ്ടായിരുന്നതെന്നും, മാർഗതടസമുണ്ടാക്കുന്ന പ്രവർത്തികളൊന്നും ഉണ്ടായില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.