സ്‌കൂളുകളിലെ ക്വിസ് മത്സരത്തിൽ സവർക്കറെ പുകഴ്ത്തുന്ന ചോദ്യം: അധ്യാപകനെ സസ്പെൻഡ് ചെയ്തു

  1. Home
  2. Kerala

സ്‌കൂളുകളിലെ ക്വിസ് മത്സരത്തിൽ സവർക്കറെ പുകഴ്ത്തുന്ന ചോദ്യം: അധ്യാപകനെ സസ്പെൻഡ് ചെയ്തു

savarkar quiz


സ്‌കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ ക്വിസ് മത്സരത്തിന്റെ ചോദ്യപേപ്പറിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കുമ്പള ഉപജില്ലയിലെ എ.യു.പി.എസ് പള്ളത്തടുക്കയിലെ അധ്യാപകനായ ഗുരു പ്രസാദിനെതിരെയാണ് നടപടി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എ.എൻ. ഷംസുദ്ദീന്റെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്.

ഓഗസ്റ്റ് ആറിന് കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളിൽ നടന്ന 'ഫ്രീഡം ക്വിസ്' മത്സരത്തിലാണ് ചരിത്രപരമായ പിൻബലമില്ലാത്ത ചോദ്യം ഉൾപ്പെടുത്തിയതായി ആരോപണം ഉയർന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഏറ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിച്ചത് ആരെന്ന ചോദ്യത്തിന് വി.ഡി. സവർക്കർ എന്ന് ഉത്തരവും നൽകിയിരുന്നു.

സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിരുന്നു. തുടർന്ന് വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോടും എ.ഇ.ഒ-മാരോടും വിശദീകരണം തേടി. സംഭവത്തിൽ അധ്യാപകന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചുവെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.