ആർ. ശ്രീലേഖയുടെ രാജി: കത്ത് ലഭിച്ചെന്ന് മേയർ, കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; അനുനയ നീക്കവുമായി ബി.ജെ.പി
തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ പദവി ആർ. ശ്രീലേഖ രാജിവെച്ചതായി മേയർ വി.വി. രാജേഷ് സ്ഥിരീകരിച്ചു. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നും കത്ത് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കൗൺസിലർമാർ രാജിക്കത്ത് നൽകേണ്ടത് നഗരസഭാ സെക്രട്ടറിക്കാണെന്നും ഈ വിഷയം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും മേയർ കൂട്ടിച്ചേർത്തു.
അതേസമയം, ആർ. ശ്രീലേഖയിൽ നിന്ന് രാജിക്കത്തോ ഇതുമായി ബന്ധപ്പെട്ട മറ്റ് ആശയവിനിമയങ്ങളോ ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം നഗരസഭാ സെക്രട്ടറി ഷാഫി അറിയിച്ചു. നിയമപ്രകാരം സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറേണ്ടതെന്നും ജില്ലാ കളക്ടർക്ക് കത്ത് നൽകിയാൽ നിയമസാധുതയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, വിഷയം പരിഹരിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം ഇടപെടൽ ആരംഭിച്ചിട്ടുണ്ട്. ശ്രീലേഖയ്ക്ക് ഉയർന്ന മറ്റു പദവികൾ നൽകി അനുനയിപ്പിക്കാനുള്ള നീക്കങ്ങളും പാർട്ടി തത്വത്തിൽ പരിഗണിക്കുന്നുണ്ട്.
