കളരിവിളക്കിനു മുൻപിൽ അവർ ഒന്നായി; അപൂർവ്വ വിവാഹത്തിന് സാക്ഷിയായി നേമം

  1. Home
  2. Kerala

കളരിവിളക്കിനു മുൻപിൽ അവർ ഒന്നായി; അപൂർവ്വ വിവാഹത്തിന് സാക്ഷിയായി നേമം

Kalyan


നേമം അഗസ്ത്യം കളരിയിൽ അവിടുത്തെ മുൻ പഠിതാക്കളും പരിശീലകരുമായ രാഹുലും ശിൽപയും വിവാഹിതരായി. പരമ്പരാഗത കളരിവേഷമണിഞ്ഞ് വാളും പരിചയുമായി അങ്കച്ചേകവനെപ്പോലെ വരനും വടക്കൻപാട്ടിലെ നായികയെപ്പോലെ വധുവും കളരിച്ചിട്ടയിലാണ് വിവാഹിതരായത്.

കളരിവിളക്കിനു മുൻപിൽ മെയ്‌വഴക്കവും മനസ്സിണക്കവുമായി അവർ ഒരുമിച്ചപ്പോൾ ഏവരും സാക്ഷിയായത് അപൂർവ വിവാഹത്തിനാണ്. നരുവാമൂട് സ്വദേശികളായ രാഹുലും ശിൽപയും അവർ പഠിച്ചുവളർന്ന അഗസ്ത്യം കളരിത്തറയിൽ വ്യാഴാഴ്ച ഉച്ചയ്ക്കുള്ള മുഹൂർത്തത്തിലാണ് വിവാഹിതരായത്.

കുരുത്തോലകൊണ്ട് അലങ്കരിച്ച കളരിത്തറയിലാണ് വിവാഹപ്പന്തലൊരുക്കിയത്. കളരിയുടെ പരമ്പരാഗത വേഷങ്ങളിഞ്ഞാണ് ഇരുവരും വിവാഹിതരായത്. കളരിയിലെ മറ്റു വിദ്യാർഥികൾ ഗദയും വാളും പരിചയുമായി അകമ്പടി സേവിച്ച് ഓലക്കുട പിടിച്ചാണ് വധുവിനെ വിവാഹവേദിയിലെത്തിച്ചത്. അങ്കച്ചേകവനെപ്പോലെ വരനുമെത്തി.

ആദ്യം കളരിത്തറയിലെത്തി ഗുരുപരമ്പരകൾക്കു മുന്നിൽ ആരതി ഉഴിഞ്ഞ് സന്ധ്യാവന്ദനം നടത്തി പ്രാർഥിച്ചശേഷം വിവാഹച്ചടങ്ങുകൾ തുടങ്ങി. പാരമ്പര്യ വാദ്യ ഉപകരണങ്ങളായ ഇടയ്ക്കയുടെയും മിഴാവിന്റെയും താളത്തിൽ രാഹുൽ, ശിൽപയുടെ കഴുത്തിൽ മിന്നുകെട്ടി. വിവാഹശേഷം ഗുരുനാഥൻ ഡോ. മഹേഷ് കിടങ്ങിലിന്റെ സാന്നിധ്യത്തിൽ വാളും പരിചയുമെടുത്ത് ഇരുവരും ചുവടുവെച്ചു.

രണ്ടുപേരുടെയും അമ്മമാരും ഈ കളരിയിൽ അഭ്യസിക്കുന്നുണ്ട്. ഇവരുടെ ആഗ്രഹമായിരുന്നു രാഹുലും ശിൽപയും തമ്മിലുള്ള വിവാഹത്തിൽ കലാശിച്ചത്. ഇരുവരും അഞ്ചുവർഷം മുമ്പാണ് പരിചയപ്പെടുന്നത്. വളരുകയും പഠിക്കുകയും ചെയ്ത കളരിയിൽത്തന്നെ വിവാഹിതരാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് രാഹുലും ശിൽപയും പറഞ്ഞു.

ആദ്യമായി കളരിത്തറയിൽ നടക്കുന്ന വിവാഹം കാണാൻ മുഹൂർത്തത്തിനു മുമ്പുതന്നെ നിരവധിപ്പേരെത്തിയതോടെ കളരി നിറഞ്ഞു. സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖരടക്കം നിരവധിപ്പേർ വിവാഹത്തിൽ പങ്കെടുത്തു. വ്യത്യസ്തമായ ഈ കളരിക്കല്യാണം നാട്ടുകാർക്കും കൗതുകമായി. വിവാഹം തത്സമയം കാണാനുള്ള സൗകര്യവുമൊരുക്കിയിരുന്നു.