മഴക്കെടുതിയിൽ കേരളത്തിന്റെ വേദനയിൽ പങ്കുചേർന്ന് രാഹുൽ ഗാന്ധി; രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കോൺഗ്രസ് പ്രവർത്തകർക്ക് ആഹ്വാനം
കേരളത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിലും ജീവഹാനിയിലും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എം.പിയുമായ രാഹുൽ ഗാന്ധി. പ്രകൃതിദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അപകടത്തിൽപ്പെട്ട കുടുംബങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കാണാതായവർ സുരക്ഷിതമായി തിരിച്ചെത്തട്ടെയെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ദുരിതബാധിതരെ സഹായിക്കാനും ആശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി, രക്ഷാപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകാൻ കോൺഗ്രസ് പ്രവർത്തകരോടും സന്നദ്ധപ്രവർത്തകരോടും ആഹ്വാനം ചെയ്തു. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലയോര മേഖലകളിലുള്ളവർ കനത്ത ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
