സതീശൻ മോദിയെ കണ്ടതിന് പിന്നാലെ പിണറായിയുടെ വീട്ടിൽ റെയ്ഡ്; ബി.ജെ.പി - കോൺഗ്രസ് ആസൂത്രിത നീക്കമെന്ന് പി. ജയരാജൻ
പ്രതിപക്ഷ നേതാവും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന റെയ്ഡ് ബി.ജെ.പിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. റെയ്ഡ് നടക്കുന്ന പിണറായി വിജയന്റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ റെയ്ഡ് ആരംഭിച്ചത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇടതുപക്ഷത്തെ തകർക്കാനുള്ള കൃത്യമായ അജണ്ടയാണ് നടപ്പാക്കുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ വാടകവീട്ടിലും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഒരേസമയം റെയ്ഡ് നടക്കുന്നത് കൃത്യമായ പ്ലാനിങ്ങിന്റെ ഭാഗമാണ്. രാഹുൽ ഗാന്ധി കേരളത്തിൽ വന്നപ്പോൾ എന്തുകൊണ്ടാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്ന് പരസ്യമായി ചോദിച്ചിരുന്നു. ബംഗാളിലും ത്രിപുരയിലും സി.പി.എമ്മിനെ തകർക്കാൻ പദ്ധതിയിട്ട സംഘപരിവാർ, സാംസ്‌കാരിക മാർക്‌സിസത്തെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കേസ് പരിഗണിച്ചിരുന്ന ജഡ്ജിയെ മാറ്റി പുതിയ ജഡ്ജിയെ കൊണ്ടുവന്നു. അവിടെ വിധി പറയുന്നതിന് മുമ്പേ, കേരള ഹൈക്കോടതിയിൽനിന്ന് അന്വേഷണത്തിന് അനുമതി വാങ്ങിച്ചുകൊണ്ടാണ് ഇപ്പോഴത്തെ നീക്കങ്ങൾ. ഇ.ഡി ഇപ്പോൾ സംഘപരിവാറിന്റെ ഒരു എക്‌സ്ട്രാ ഡിപ്പാർട്ടുമെന്റായിട്ടാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള ഹീനശ്രമങ്ങളുടെ കേരളത്തിലെ പുതിയ അധ്യായമാണിത്.
കേരളത്തെ വിഴുങ്ങാൻ സംഘപരിവാറിന് സാധിക്കാത്തത് ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടുകൊണ്ടാണ്. സി.പി.എം വിരോധം വളർത്തി ബി.ജെ.പിക്ക് അനുകൂല അന്തരീക്ഷമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഈ നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും സി.പി.എം നേരിടുമെന്നും പിണറായി വിജയനെ തകർക്കാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.
