മഴയും ജിഎസ്ടിയും ബാധിച്ചു; തിരുവോണം ബംപർ നറുക്കെടുപ്പ് ഒക്ടോബർ 4-ലേക്ക് മാറ്റി
സംസ്ഥാനത്ത് കനത്ത മഴയും ജിഎസ്ടി നിരക്കിൽ വന്ന മാറ്റവും ബാധിച്ചതോടെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു. സെപ്റ്റംബർ 27-ന് നടത്താനിരുന്ന നറുക്കെടുപ്പ് ഒക്ടോബർ 4-ലേക്കാണ് മാറ്റിയത്. ഏജന്റുമാരുടെ അഭ്യർഥനയും പരിഗണിച്ചാണിതെന്ന് ഭാഗ്യക്കുറി വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചിരുന്നു. ഇതുവരെ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത് പാലക്കാടാണ് - 14,07,100 എണ്ണം. തൃശൂരിൽ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. ഓണം ബംപർ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നൽകും.
