രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ളാദ് ജോഷി

സംസ്ഥാന ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു.കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗൺസിലിൽ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
സംസ്ഥാന അധ്യക്ഷനാകുന്ന രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രഹ്ളാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഐക്യകണ്ഠേനയാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ അധികാരത്തിലെത്താനാകട്ടെയെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു. കേരളത്തിൽ വോട്ട് വിഹിതം 20 ശതമാനത്തിലേക്ക് എത്തിച്ച കെ സുരേന്ദ്രനെ പ്രഹ്ളാദ് ജോഷി അഭിനന്ദിച്ചു. ബെംഗളൂരുവിന്‍റെ അടിസ്ഥാന വികസനത്തിനായി പ്രവർത്തിച്ചയാളാണ് രാജീവ് ചന്ദ്രശേഖറെന്നും കരുത്തനായാ മലയാളിയാണെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു.