രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെ.പി.സി.സി പ്രസിഡന്റ്

  1. Home
  2. Kerala

രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെ.പി.സി.സി പ്രസിഡന്റ്

rh


ചിറയിൻകീഴിൽ രമ്യ ഹരിദാസ് എം.എൽ.എയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഞായറാഴ്ച തന്നെ ലഭിക്കുമെന്നും വീഴ്ച വരുത്തിയവർക്കെതിരെ കർശന അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്യമായ അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ലെന്നും സണ്ണി ജോസഫ് മുന്നറിയിപ്പ് നൽകി.

ഇതിനിടെ, സംഘർഷത്തിനിടെ തനിക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് തന്റെ ഔദ്യോഗിക സ്റ്റാഫാണെന്ന രമ്യ ഹരിദാസിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. നിയമസഭാ സെക്രട്ടേറിയറ്റിന്റെ രേഖകൾ പ്രകാരം എം.എൽ.എയുടെ അംഗീകൃത സ്റ്റാഫ് പട്ടികയിൽ ഇയാളുടെ പേരില്ല. മുൻപ് എം.പി ആയിരുന്ന കാലത്ത് സ്റ്റാഫിലുണ്ടായിരുന്നെങ്കിലും നിലവിൽ ഇയാളെ ഔദ്യോഗികമായി നിയമിച്ചിട്ടില്ല.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ഔദ്യോഗിക പദവികളില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തത് പ്രാദേശിക നേതാക്കൾ ചോദ്യം ചെയ്തതാണ് തർക്കങ്ങൾക്ക് തുടക്കം. തുടർന്ന് രമ്യയും പ്രദീപും ചേർന്ന് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലെത്തുകയും കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. കെ.പി.സി.സി നിയോഗിച്ച അന്വേഷണ സമിതി യോഗം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഇരു വിഭാഗത്തിനെതിരെയും പാർട്ടി തലത്തിൽ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.