രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: പത്താം പ്രതിക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

  1. Home
  2. Kerala

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: പത്താം പ്രതിക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

bomb threat in kerala highcourt security


ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പത്താം പ്രതിക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുല്ലയ്ക്കൽ വട്ടയ്ക്കാട്ടുശേരി സ്വദേശി നവാസിനാണ് ആരോഗ്യ കാരണങ്ങൾ പരിഗണിച്ച് ജാമ്യം ലഭിച്ചത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ആരോഗ്യകാരണം മുന്‍നിര്‍ത്തിയാണ്  ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത് . ചികിത്സയ്ക്കായി മുപ്പത് ദിവസമാണ് കോടതി അനുവദിച്ചത്. പക്ഷാഘാതം വന്ന് ശരീരം തളർന്നിരുന്നു. ഈ മെഡിക്കൽ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.

കര്‍ശന വ്യവസ്ഥകളോടെയാണ് ഇടക്കാല ജാമ്യം നല്‍കിയിരിക്കുന്നത്. ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. മാവേലിക്കര സെഷന്‍സ് കോടതിയിലാണ് ജാമ്യം നടപ്പാക്കേണ്ടത്. ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. ഓഗസ്റ്റ് അഞ്ചിന് സെന്‍ട്രല്‍ ജയിലില്‍ കീഴടങ്ങണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍. വധശിക്ഷക്ക് വിധിച്ച് ഒരു വർഷമായി ജയിലിൽ കഴിയുകയാണ് പ്രതി. കേസിൽ 15 പ്രതികൾക്കും വധശിക്ഷയാണ് കോടതി വിധിച്ചത്.

2021 ഡിസംബര്‍ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. കൊലപാതകത്തിനായി രഞ്ജിത് ശ്രീനിവാസന്റെ വീടിന് പുറത്ത് കാവല്‍ നിന്ന സംഘത്തിലാണ് നവാസ് ഉണ്ടായിരുന്നത്. കൊലപാതക ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ നവാസ് സഹായം നൽകിയെന്നാണ് അന്വേഷണ കണ്ടെത്തൽ.