'വിവാഹിതയായ സ്ത്രീക്ക് മറ്റൊരു വിവാഹവാഗ്ദാനം സ്വീകരിക്കാനാവില്ല'; പ്രതിയെ വെറുതെവിട്ട് കോടതി

വിവാഹിതയായ സ്ത്രീക്ക് മറ്റൊരു വിവാഹവാഗ്ദാനം സ്വീകരിക്കാനാവില്ലെന്ന് കോടതി. അതിനാൽ വിവാഹവാഗ്ദാനം നൽകിയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും വിധിയിൽ വ്യക്തമാക്കി.
മണ്ണാർക്കാട്ട് വസ്ത്രസ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന യുവാവിനെ പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് സെഷൻസ് കോടതിയുടേതാണ് വിധി. പ്രതിയെ വെറുതേ വിട്ടു. കൂടെ ജോലി ചെയ്തിരുന്ന സ്ത്രീയാണ് പരാതിക്കാരി. ക്രോസ് വിസ്താരം നടന്ന വേളയിൽ യുവതി വിവാഹിതയാണെന്ന് കണ്ടെത്തിയിരുന്നു. ഒരു കുട്ടിയുണ്ടെന്നും അത് പീഡിപ്പിച്ച വ്യക്തിയുടേതാണെന്നും യുവതി കോടതിയിൽ മൊഴി നൽകി. ഇതിനെ പ്രതിഭാഗം എതിർത്തതോടെ ഡി.എൻ.എ. പരിശോധന നടത്തി. കുട്ടി യുവാവിന്റേതല്ലെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ എം. ഹരികിരൺ, വിമൽ ശങ്കർ എന്നിവർ ഹാജരായി.