റവാഡ ചന്ദ്രശേഖർ സംസ്ഥാനത്തിന്റെ പുതിയ പൊലിസ് മേധാവിയായി നാളെ ചുമതലയേൽക്കു

സംസ്ഥാനത്തിന്റെ പുതിയ നിയുക്ത പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ നാളെ രാവിലെ എട്ടുമണിക്ക് ചുമതലയേൽക്കും.കേന്ദ്ര ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.കേന്ദ്രസർവീസിൽ നിന്ന് വിടുതൽ ലഭിച്ച അദ്ദേഹം ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തും. നാളെ കണ്ണൂരിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കേരള കേഡറിൽ 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖർ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. സംസ്ഥാനത്തിന്റെ 4100 പൊലീസ് മേധാവിയായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. 2026 ജൂലായ് വരെയാണ് അദ്ദേഹത്തിന് സർവീസുള്ളത്. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ യുപിഎസ്സി നൽകിയ ചുരുക്കപ്പട്ടികയിലെ ഒന്നാമനായിരുന്ന നിതിൻ അഗർവാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറെ പൊലീസ് മേധാവി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
കൂത്തുപറമ്പ് വെടിവയ്പ്പ് കേസിൽ രണ്ട് പതിറ്റാണ്ടോളം പ്രതി സ്ഥാനത്തായിരുന്ന റവാഡ ചന്ദ്രശേഖറെ പോലീസ് മേധാവിയാക്കിയതിൽ സിപിഎമ്മിൽ അതൃപ്തിയുണ്ട്. എന്നിരുന്നാലും, കോടതിയാൽ കുറ്റവിമുക്തനായിട്ടാണ് നിയമനം നടന്നതെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. റവാഡയ്ക്ക് എതിരെ പാർട്ടി നടത്തിയ സമരം ഓർമിപ്പിച്ച് പി ജയരാജൻ, നിയമനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് പറഞ്ഞു. മന്ത്രിയുടെ ജീവൻ അപകടത്തിലായപ്പോഴാണ് കൂത്തുപറമ്പിൽ വെടിവയ്പ്പുണ്ടായതെന്ന് വിഡി സതീശനും പ്രതികരിച്ചു