വയനാട് ബാണാസുര ഡാമിൽ റെഡ് അലേർട്ട്

വയനാട് ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി അപ്പർ റൂൾ ലെവൽ 767.00 മീറ്ററിൽ എത്തിയതിനെ തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലം 25 ശതമാനം ടണൽ കക്കയം ഡാമിലേക്ക് ഒഴുക്കി വിടുന്നതായും അധികൃതർ അറിയിച്ചു.
പത്തനംതിട്ടയിലെ മണിമലയിലും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂരിലെ കരുവന്നൂരിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.നദികളിൽ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്ന സർക്കാരിന്റെ നിർദേശമുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകി.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പു പ്രകാരം സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ ഇതിനോടകം രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കർണാടക തീരത്ത് മോശം കാലാവസ്ഥയെ തുടർന്ന് മീൻപിടിത്തത്തിന് വിലക്കുണ്ട്.കാലാവസ്ഥാ വകുപ്പ് നൽകുന്ന വിവരം പ്രകാരം നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷ. 22 മുതൽ 25 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.