ചോരയ്ക്ക് പകരം ചോദിക്കുമെന്ന പരാമർശം; മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പൊലീസിൽ പരാതി നൽകി ഡി.വൈ.എഫ്.ഐ
മുഖ്യമന്ത്രി വി.ഡി സതീശൻ കണ്ണൂരിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ ഡി.വൈ.എഫ്.ഐ പൊലീസിൽ പരാതി നൽകി. കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി സമർപ്പിച്ചത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, ചോരയ്ക്ക് പകരം ചോദിക്കുമെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതിനെതിരെയാണ് നടപടി.
പയ്യന്നൂരിലെ കൊലവിളി പരാമർശവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ടി.ഐ മധുസൂദനനെതിരെ കേസെടുക്കാനുള്ള നീക്കങ്ങൾക്കിടെയാണ് ഡി.വൈ.എഫ്.ഐയുടെ ഈ നീക്കം.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസംഗം തികച്ചും പ്രകോപനപരമാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നവംബർ 20-ന് കണ്ണൂരിൽ നടന്ന പൊതുപരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. ഈ സർക്കാരിനെ സൃഷ്ടിക്കാൻ കഠിനാധ്വാനം ചെയ്ത, മർദ്ദനം ഏറ്റുവാങ്ങിയ, ചോരപ്പുഴകൾ താണ്ടി വന്ന യൂത്ത് കോൺഗ്രസിലെ പ്രവർത്തകരെ സർക്കാർ സങ്കടപ്പെടുത്തില്ലെന്നും, അവരുടെ ചോരയിൽ നിന്നുകൂടി പിറന്നതാണ് ഈ സർക്കാരെന്നും വി.ഡി സതീശൻ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
