ശബരിമല തീർഥാടകർക്ക് ആശ്വാസം; പ്രതിദിന വെർച്വൽ ക്യൂ ബുക്കിങ് 5,000 സ്ലോട്ട് കൂടി വർധിപ്പിക്കും
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് പ്രതിദിന വെർച്വൽ ക്യൂ ബുക്കിങ് സൗകര്യം 5,000 സ്ലോട്ട് കൂടി വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. നവംബർ 30 വരെ അധിക സ്ലോട്ടുകൾ ലഭ്യമാക്കും.പ്രതിദിനം 5,000 അധിക വെർച്വൽ ക്യൂ സ്ലോട്ടുകൾ അനുവദിക്കുന്നതിനൊപ്പം നവംബർ 21, 22 തീയതികളിൽ സ്‌പോട്ട് ബുക്കിങ് സൗകര്യവും ആനുപാതികമായി വർധിപ്പിക്കും. വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ദേവസ്വം ബോർഡ് ഇക്കാര്യം അറിയിച്ചത്.വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്യാൻ കഴിയാതിരുന്ന ഭക്തർക്ക് പുതിയ തീരുമാനം ആശ്വാസമാകും.നവംബർ 17ന് ആരംഭിച്ച 41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻതോതിലാണ് അയ്യപ്പഭക്തർ ശബരിമലയിലെത്തുന്നത്.
