വിവാഹവിപണിക്ക് ആശ്വാസം; സ്വർണവിലയിൽ വമ്പൻ ഇടിവ്
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 960 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 57,000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,640 രൂപയാണ്. ഇന്നലെ 800 രൂപ കുറഞ്ഞിരുന്നു. രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 1,760 രൂപയാണ്.
ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ലെബനനും ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അന്താരാഷ്ട്ര സ്വർണവില കുറഞ്ഞത്. ഇന്നലെ വാർത്ത പുറത്തുവന്നതോടെ അന്താരാഷ്ട്ര സ്വർണ്ണ വില 2640 ഡോളറിൽ എത്തിയിരുന്നു. ഇതാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,080 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,850 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 96 രൂപയാണ്.