പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ പ്രൊഫ. ഡോ. ജി. വിജയരാഘവൻ അന്തരിച്ചു
ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധനും പത്മശ്രീ പുരസ്കാര ജേതാവുമായ ഡോ. ജി. വിജയരാഘവൻ (84) അന്തരിച്ചു. 'ഹൃദയത്തിന്റെ കാവൽക്കാരൻ' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ കിംസ് ഹെൽത്ത് കെയറിന്റെ വൈസ് ചെയർമാനും സ്ഥാപക ഡയറക്ടറുമായിരുന്നു. ഇന്ത്യയിൽ ആദ്യമായി 2D എക്കോകാർഡിയോഗ്രാഫി ലബോറട്ടറി സ്ഥാപിച്ചത് ഇദ്ദേഹമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ മെഡിക്കൽ അധ്യാപകൻ കൂടിയായിരുന്നു. സൊസൈറ്റി ഫോർ കണ്ടിന്യൂയിങ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് പ്രസിഡന്റായിരുന്ന ഡോ. വിജയരാഘവന് 2009-ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.
