പിണറായിയുടെ പിന്തുണ തേടി രേവന്ദ് റെഡ്ഡി; കേന്ദ്ര നീക്കത്തിനെതിരേ ഒന്നിച്ചുനിൽക്കണമെന്ന് കത്ത്
നിയമസഭാ സീറ്റുകൾ വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള നീക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിനെതിരേ ഒന്നിച്ച് നിൽക്കണമെന്നും ആവശ്യപ്പെട്ടാണ് രേവന്ദ് റെഡ്ഡി കത്തെഴുതിയത്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തെക്ക്-വടക്ക് വിഭജനം കൂടുതൽ ആഴത്തിലാക്കാനേ ഇത്തരം നടപടികൾ ഉപകരിക്കൂ എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ശക്തമായ പ്രതിരോധം ഈ വിഷയത്തിൽ ആവശ്യമാണെന്നും കത്തിൽ പറയുന്നുണ്ട്. നേരത്തെ തിരഞ്ഞെടുപ്പ് വേളയിൽ പിണറായി വിജയനും രേവന്ദ് റെഡ്ഡിയും തമ്മിൽ കടുത്ത വാക്പോരുകൾ നടന്നിരുന്നു. 'നീ പോ മോനെ വിജയാ' എന്ന രേവന്തിന്റെ പരിഹാസവും അതിന് പിണറായി നൽകിയ മറുപടിയും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ ആ പഴയ പോരുകളെല്ലാം മാറ്റിവെച്ച്, പ്രാദേശിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇടതുപക്ഷ സർക്കാരിന്റെ പിന്തുണ തേടി കോൺഗ്രസ് മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയത് രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
