സംസ്ഥാനത്ത് 121 കോടിയുടെ കൃഷിനാശം; കർഷകർക്ക് സഹായം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ്
സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ 121 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷിമന്ത്രി ടി. സിദ്ദിഖ്. വെള്ളപ്പൊക്കത്തിൽ 9,332 ഹെക്ടർ കൃഷി നശിക്കുകയും ഏകദേശം 45,000 കർഷകർക്ക് നഷ്ടമുണ്ടാകുകയും ചെയ്തതായി മന്ത്രി അറിയിച്ചു.
മഴക്കെടുതിയിൽ ദുരിതത്തിലായ കർഷകർക്ക് ആവശ്യമായ സഹായം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. കർഷകരെ എങ്ങനെ സഹായിക്കണമെന്നതിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി ചൊവ്വാഴ്ച വിവിധ ധനകാര്യ ഏജൻസികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തിട്ടുണ്ട്.അതേസമയം, വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് ഗണ്യമായി താഴ്ന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന കാർഷിക പുരസ്‌കാരങ്ങളും മന്ത്രി പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് പത്മശ്രീ ചെറുവയൽ രാമൻ അർഹനായി.മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പേരിലുള്ള മികച്ച സേവനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനും കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിനും ലഭിച്ചു.മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ സ്മാരക പുരസ്‌കാരത്തിന് പത്തനംതിട്ടയിലെ കുറ്റൂർ കൃഷിഭവൻ അർഹമായി.
