ആശ വർക്കർമാരുടെ ഓണറേറിയത്തിൽ 3,000 രൂപ വർദ്ധിപ്പിച്ചു; ആദ്യമന്ത്രിസഭാ യോഗത്തിൽ തീരുമാനം

  1. Home
  2. Kerala

ആശ വർക്കർമാരുടെ ഓണറേറിയത്തിൽ 3,000 രൂപ വർദ്ധിപ്പിച്ചു; ആദ്യമന്ത്രിസഭാ യോഗത്തിൽ തീരുമാനം

v d satheesan


നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ആശ വർക്കർമാർക്ക് നൽകിയ വാക്ക് പാലിച്ച് പുതിയ യുഡിഎഫ് സർക്കാർ. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആശ വർക്കർമാരുടെ ഓണറേറിയത്തിൽ 3,000 രൂപയുടെ വർദ്ധനവ് വരുത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. ഇതോടെ നിലവിൽ ലഭിച്ചുകൊണ്ടിരുന്ന 9,000 രൂപ ഒൻപതാം തീയതി മുതൽ 12,000 രൂപയായി ഉയരും.

എല്ലാ ആവശ്യങ്ങളും ഒറ്റയടിക്ക് നടപ്പിലാക്കാൻ താല്പര്യമുണ്ടെങ്കിലും സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ഇതൊരു ആദ്യഘട്ടം മാത്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് ഓണറേറിയം ഇനിയും വർദ്ധിപ്പിക്കും. കൂടാതെ ആശ വർക്കർമാരുടെ വിരമിക്കൽ ആനുകൂല്യങ്ങളിലും അനുകൂലമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓണറേറിയം 21,000 രൂപയാക്കി ഉയർത്തണമെന്നും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയാക്കണമെന്നും ആവശ്യപ്പെട്ട് ആശ വർക്കർമാർ നടത്തിയ സമരവേദിയിൽ വെച്ചാണ്, യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനമുണ്ടാകുമെന്ന് വി.ഡി. സതീശൻ ഉറപ്പ് നൽകിയിരുന്നത്.

അംഗൻവാടി ജീവനക്കാർ ഉൾപ്പെടെയുള്ള മറ്റ് താൽക്കാലിക ജീവനക്കാരുടെ വേതനത്തിലും സർക്കാർ വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. അംഗൻവാടി ടീച്ചർമാർ, ഹെൽപ്പർമാർ എന്നിവർക്ക് പുറമെ പ്രീ-പ്രൈമറി അധ്യാപകർ, സ്കൂൾ പാചക തൊഴിലാളികൾ എന്നിവരുടെ വേതനത്തിലും 1,000 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതൊരു വലിയ തുകയല്ലെന്ന് തനിക്കറിയാമെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.