റബർ വില 300 രൂപയാക്കും; കർഷകരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമെന്ന് വി ഡി സതീശൻ

  1. Home
  2. Kerala

റബർ വില 300 രൂപയാക്കും; കർഷകരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമെന്ന് വി ഡി സതീശൻ

vd satheesan  


സംസ്ഥാനത്ത് റബറിന്റെ വില 300 രൂപയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. റബറിന്റെ വില 300 രൂപയിലെത്തുന്നതിൽ സംശയം വേണ്ടെന്നും കർഷകർക്ക് ആശ്വാസം നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റബറിന്റെ വില 200 മുതൽ 250 രൂപ വരെയാക്കിയെങ്കിൽ 300 രൂപയാക്കാനും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കർഷകരെ ചേർത്തുനിർത്തുന്ന കർഷകബന്ധു സർക്കാരാണ് യു.ഡി.എഫിന്റേതെന്നും സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ കർഷകർക്ക് പ്രധാന സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി ആക്രമണം തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കും. പുരാതനവും ആധുനികവുമായ സംവിധാനങ്ങളെ കൂട്ടിയിണക്കി സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ പ്രതിരോധ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ച് ആവശ്യമായ ഭൂനിയമ ഭേദഗതികൾ നടപ്പാക്കും. നെൽക്കർഷകർക്ക് നൽകാനുള്ള കുടിശ്ശിക തിരിച്ചുനൽകുമെന്നും കർഷകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി രണ്ടാം ഭൂപരിഷ്‌കരണത്തിനും സർക്കാർ തയ്യാറെടുക്കുകയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.