ശബരിമല എരുമേലി വിമാനത്താവള പദ്ധതി 579 കുടുംബങ്ങളെ ബാധിക്കും; പദ്ധതിയുമായി മുന്നോട്ട് പോകണമെന്ന് റിപ്പോർട്ട്

  1. Home
  2. Kerala

ശബരിമല എരുമേലി വിമാനത്താവള പദ്ധതി 579 കുടുംബങ്ങളെ ബാധിക്കും; പദ്ധതിയുമായി മുന്നോട്ട് പോകണമെന്ന് റിപ്പോർട്ട്

sabarimala erumeli airport


ശബരിമല എരുമേലി വിമാനത്താവള പദ്ധതി 579 കുടുംബങ്ങളെ ബാധിക്കുമെന്ന് സാമൂഹിക ആഘാത പഠനറിപ്പോർട്ട്‌. ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിൽ ഉള്ള 221 കുടുംബങ്ങൾ അടക്കമുള്ള 474 വീടുകളിലുള്ളവരെ മുഴുവനായി കുടിയിറക്കേണ്ടി വരും. മൂന്നര ലക്ഷം മരങ്ങൾ പദ്ധതിക്കായി വെട്ടി മാറ്റണം. നഷ്ടങ്ങൾ ഉണ്ടാവുമെങ്കിലും ഗുണകരമായതിനാൽ നഷ്ടപരിഹാരം കൊടുത്ത് പദ്ധതിയുമായി മുന്നോട്ട് പോകണമെന്നാണ് സാമൂഹിക ആഘാത റിപ്പോർട്ടിലെ ശുപാർശ. 

തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് ആണ് 360 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. പദ്ധതിക്കായി വീടുകൾ ഒഴിയേണ്ടിവരുന്നവരുടെ പേര് അടക്കം റിപ്പോർട്ടിൽ കൊടുത്തിട്ടുണ്ട്. പദ്ധതി നേരിട്ട് 285 വീടുകളെയും 358 ഭൂവുടമകളേയും ബാധിക്കും. ചെറുവള്ളി എസ്റ്റേറ്റിലും പുറത്തുമായി തേക്കും പ്ലാവും ആഞ്ഞിലിയും റബ്ബറും അടക്കം മൂന്നര ലക്ഷം മരങ്ങൾ മുറിച്ച് മാറ്റേണ്ടി വരും. 

എരുമേലി സൗത്ത്, മണിമല വില്ലേജുകളിലാണ് 1039.8 ഹെക്ടർ സ്ഥലം വിമാനത്താവളത്തിനായി ഏറ്റെടുക്കുക. ഇതിൽ 916.27 ഹെക്ടർ ചെറുവള്ളി എസ്റ്റേറ്റിൽ നിന്നും 123.53 ഹെക്ടർ സ്വകാര്യ വ്യക്തികളിൽ നിന്നും ലഭിക്കണം. ഏറ്റെടുക്കേണ്ട പ്രദേശത്ത് ഒരു പള്ളിയും ഒരു എൽ പി സ്കൂളുമുണ്ട്. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ഹിയറിങ് ജൂൺ 12, 13 തീയതികളിൽ നടക്കും.