ശബരിമല നെയ്യ് വിവാദം; കൃത്രിമത്തിൽ പങ്കില്ലെന്ന് മിൽമ ചെയർമാൻ

  1. Home
  2. Kerala

ശബരിമല നെയ്യ് വിവാദം; കൃത്രിമത്തിൽ പങ്കില്ലെന്ന് മിൽമ ചെയർമാൻ

image


ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മിൽമ ചെയർമാൻ കെ.എസ്. മണി. മിൽമ ശബരിമലയിൽ നൽകിയ നെയ്യ് ഉൽപ്പന്നങ്ങളിൽ യാതൊരുവിധ കൃത്രിമവും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

മിൽമയുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ മുൻ മന്ത്രിമാർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കും കത്തുകൾ നൽകിയതിൻ്റെ തുടർച്ചയായാണ് ബോർഡുമായി കരാറിലെത്തിയത് . പത്തനംതിട്ട മേഖലയിൽനിന്നാണ് ശബരിമലയിലേക്കുള്ള ഉൽപ്പന്നങ്ങൾ വിതരണം ചെയ്തത്. വിതരണംചെയ്ത നെയ്യിന്റെ ഗുണനിലവാരത്തിൽ വീഴ്ച സംഭവിച്ചതായി ദേവസ്വം ബോർഡോ മന്ത്രിയോ മിൽമയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മിൽമ നെയ്യ് വേണ്ടെന്ന രീതിയിലുള്ള ഉത്തരവുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വക്തമാക്കി.

സ്റ്റേറ്റ് ലാബിലും പമ്പയിലും രണ്ട് തവണവീതം ഗുണനിലവാര പരിശോധനകൾ നടത്തിയ ശേഷമാണ് നെയ്യ് വിതരണത്തിനായി കൊണ്ടുപോകുന്നത്. ആറ് തവണയെങ്കിലും ഗുണനിലവാരമില്ലാത്ത നെയ്യ് എത്തിയതായി പറയപ്പെടുന്നുണ്ടെങ്കിലും ഒരുതവണ പോലും മിൽമയെ ഇക്കാര്യം അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

നിലവിലെ വിവാദങ്ങളിൽ നടക്കുന്ന അന്വേഷണവുമായി മിൽമ പൂർണമായി സഹകരിക്കുമെന്നും അന്വേഷണത്തിൽ മിൽമയുമായി ബന്ധപ്പെട്ട ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പുറത്തുവന്ന വാർത്തകൾ മിൽമയുടെ ബ്രാൻഡിന് വലിയ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.