ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ നിക്ഷേപം തേടി ഇഡി തിരുവല്ലയിൽ
ശബരിമല മുൻ തന്ത്രി കണ്ഠരര് രാജീവരരൂടെ നിക്ഷേപം തേടി ഇഡി തിരുവല്ലയിൽ. തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചു എന്ന ആരോപണം ഉയർന്ന തിരുവല്ലയിലെ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനത്തിലാണ് എൻഫോഴ്സ്സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള സ്ഥാപനത്തിൻന്റെ ഓഫീസിലും, ഉടമ എൻ.എം. രാജുവിന്റെ രാമൻചിറയിലെ വീട്ടിലും ഇന്ന് രാവിലെ മുതൽ പരിശോധന തുടർന്നു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും തന്ത്രിയുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങളുമാണ് ഇഡി പ്രധാനമായും ശേഖരിക്കുന്നത്
സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) തന്ത്രിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. 2.5 കോടി രൂപയാണ് താൻ ഈ സ്ഥാപനത്തിൽ നിക്ഷേപിച്ചതെന്ന് കണ്ഠരര് രാജീവര് സമ്മതിച്ചിരുന്നു. ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്ത് വിവാദത്തിലായ ഈ സ്ഥാപനം നേരത്തെ പൂട്ടിപ്പോയിരുന്നു. പണം നഷ്ടമായിട്ടും ഇത്രയും വലിയ തുകയെക്കുറിച്ച് തന്ത്രി പരാതി നൽകാതിരുന്നത് അന്വേഷണ സംഘത്തിൽ വലിയ സംശയങ്ങൾക്കിടയാക്കിയിരുന്നു.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന ശബരിമല മുൻ തന്ത്രി കണ്ഠര് രാജീവരെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി തന്ത്രിയുടെ റിമാൻഡ് നീട്ടിയത്. ആരോഗ്യപ്രശ്നങ്ങൾ കാരണം ഓൺലൈനിലൂടെ തന്ത്രി കണ്ഠര് രാജീവരെ ഹാജരാക്കിയത്.
