ശബരിമല സ്വർണക്കൊള്ള : മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. അടുത്ത മാസം 8,9 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാക്കാനും ജയശ്രീയോട് കോടതി നിർദേശിച്ചു. ആരോഗ്യകാരണങ്ങൾ പരിഗണിച്ചാണ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി താൽക്കാലികമായി തടഞ്ഞത്.ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ തീരുമാനം.
അതേസമയം, ശബരിമല ദ്വാരപാലക കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 30 വരെ നീട്ടി. എ പത്മകുമാറിന്റെയും, ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഈമാസം 30 ന് വീണ്ടും പരിഗണിക്കും. എന്നാൽ കഴിഞ്ഞദിവസം അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങേണ്ടെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം.
