ശബരിമല സ്വർണക്കൊള്ള: പിന്നിൽ വൻ സംഘം; ഉണ്ണികൃഷ്ണൻ പോറ്റി ഇങ്ങേയറ്റത്തെ കണ്ണിയെന്ന് ഹൈക്കോടതി

  1. Home
  2. Kerala

ശബരിമല സ്വർണക്കൊള്ള: പിന്നിൽ വൻ സംഘം; ഉണ്ണികൃഷ്ണൻ പോറ്റി ഇങ്ങേയറ്റത്തെ കണ്ണിയെന്ന് ഹൈക്കോടതി

bomb threat in kerala highcourt security


ശബരിമല സ്വർണക്കൊള്ള കേസിൽ വൻ സംഘത്തിന്റെ പങ്കാളിത്തമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഈ സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണെന്നും, അദ്ദേഹത്തിന്റെ ഉദ്ദേശ്യം നിഷ്‌കളങ്കമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മീഷണറുടെയും സമീപനങ്ങൾ സംശയാസ്പദമാണെന്ന് ഹൈക്കോടതി പറഞ്ഞു. പോറ്റിക്ക് അനുകൂലമായി ബോർഡ് പ്രസിഡന്റ് സ്വീകരിച്ച നിലപാട് നിസാരമായി കാണാനാകില്ലെന്നും, കഴിഞ്ഞ രണ്ട് വർഷങ്ങളിലെ കത്തിടപാടുകൾ മുഴുവൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. 500 ഗ്രാം സ്വർണം എങ്ങോട്ട് പോയി എന്ന് ദേവസ്വം ഉദ്യോഗസ്ഥർക്ക് വ്യക്തമായി അറിയാം എന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു

അന്വേഷണം അതിവേഗം കൃത്യതയോടെ പൂർത്തിയാക്കണമെന്നും എല്ലാ രേഖകളും പരിശോധിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കണമെന്നും എസ്‌ഐടിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേരള പൊലീസിന്റെ വിശ്വാസ്യതയെ മാത്രം ബാധിക്കുന്ന കാര്യമല്ല, ഹൈക്കോടതിയുടെ കൂടി വിശ്വാസ്യതയുടെ ഭാഗമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

അടച്ചിട്ട കോടതി മുറിയിൽ നേരിട്ട് ഹാജരായാണ് എസ്‌ഐടി മുദ്രച്ച കവറിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. സ്വർണക്കൊള്ളയുമായിബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ പുതിയ കേസെടുക്കും. അന്വേഷണം തുടങ്ങി 10 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് എസ്‌ഐടി തലവൻ എസ്. ശശിധരൻ ഐപിഎസ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി അറിയിച്ചത്.

ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരും ഹൈക്കോടതിയിൽ ഹാജരായി. അഭിഭാഷകരെയും മറ്റും ഒഴിവാക്കി എസ്‌പെഐടി ഉദ്യോഗസ്ഥരും കോടതി ജീവനക്കാരും മാത്രമുള്ള അടച്ചിട്ട കോടതി മുറിയിൽ ആയിരുന്നു നടപടികൾ. കേസിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാൻ, പുതിയ ഹരജി കൂടി ഹൈക്കോടതി ഫയലിൽ സ്വീകരിക്കും. നിലവിലെ ഹരജിയിൽ കക്ഷികളായ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്നിവരെ പുതിയ പുതിയ ഹരജിയിൽ നിന്ന് ഒഴിവാക്കും