ശബരിമല സ്വർണക്കവർച്ച കേസ്; സെപ്റ്റംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്‌ഐടി

  1. Home
  2. Kerala

ശബരിമല സ്വർണക്കവർച്ച കേസ്; സെപ്റ്റംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്‌ഐടി

sabarimala


ശബരിമല സ്വർണക്കവർച്ച കേസിൽ സെപ്റ്റംബർ 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതിയിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി.

ഹൈക്കോടതിയിൽ അടച്ചിട്ട മുറിയിലായിരുന്നു കേസിന്റെ വാദം. അന്വേഷണ പുരോഗതിയും വിശദാംശങ്ങളും എസ്‌ഐടി തലവൻ നേരിട്ട് കോടതിയെ അറിയിച്ചു. ജംഷഡ്പൂരിലെ ശാസ്ത്രീയ പരിശോധനാ ലാബിൽനിന്നുള്ള റിപ്പോർട്ട് ലഭിക്കാൻ വൈകിയതാണ് കുറ്റപത്രം സമർപ്പിക്കാൻ കാലതാമസമുണ്ടായതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. റിപ്പോർട്ട് ഇപ്പോൾ ലഭിച്ചതായും സെപ്റ്റംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്നും അറിയിച്ചു.

2025ലെ സ്വർണപ്പാളി കേസിലും ദ്വാരപാലക ശിൽപത്തിലെ സ്വർണം കവർന്ന കേസിലും ഒരുമിച്ചായിരിക്കും കുറ്റപത്രം സമർപ്പിക്കുക. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേസിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ ഇടക്കാല ഉത്തരവ് വൈകുന്നേരത്തോടെ പുറപ്പെടുവിക്കും.

അതേസമയം, കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ഹർജി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.