ശബരിമല സ്വർണക്കൊള്ള ; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് വ്യാഴാഴ്ച രാവിലെ പ്രശാന്തിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് കൊല്ലം പൊലീസ് ക്ലബിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാറിനെയും എസ്.ഐ.ടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റും ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികൾ ചട്ടം ലംഘിച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിൽ പ്രശാന്തിനും പങ്കുണ്ടെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അടങ്ങിയ റിപ്പോർട്ട് സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പി.എസ്. പ്രശാന്തിനെതിരെ ചുമത്തിയിരിക്കുന്നത്.
തന്ത്രി കണ്ഠര് രാജീവര്, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ, മുൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മിഷണർ രജിലാൽ, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
