ശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെ വീണ്ടും റിമാൻഡ് ചെയ്തു
ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും റിമാൻഡ് ചെയ്തു. ദേവസ്വം ബോർഡ് അംഗം എ അജികുമാറിനെയും സെപ്റ്റംബർ ഒന്ന് വരെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷയിൽ വാദം തുടരും. ശക്തമായ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയതായാണ് വിവരം.ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ടും പി എസ് പ്രശാന്തിനും എ അജികുമാറിനുമെതിരെ കേസെടുത്തിട്ടുണ്ട്.
2019ൽ നടന്ന സ്വർണക്കൊള്ള മറച്ചുവെക്കുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികൾ 2025ൽ ദേവസ്വം ബോർഡിന്റെ ഒത്താശയോടെ വീണ്ടും സ്വർണം പൂശൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചത്.
2025ൽ ദ്വാരപാലക ശിൽപങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് പി എസ് പ്രശാന്തിനെ പ്രതി ചേർത്തത്. മുരാരി ബാബുവാണ് ഒന്നാം പ്രതി. ഉണ്ണികൃഷ്ണൻ പോറ്റി രണ്ടാം പ്രതിയും പങ്കജ് ഭണ്ഡാരി മൂന്നാം പ്രതിയുമാണ്. എ അജികുമാർ അഞ്ചാം പ്രതിയും കണ്ഠരര് രാജീവര് ആറാം പ്രതിയുമാണ്.
പി എസ് പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകൾ പ്രകാരം ഏഴ് പ്രതികളുടെയും പങ്ക് വ്യക്തമായി തെളിഞ്ഞതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലെ കണ്ടെത്തൽ. മുൻകൂട്ടി ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി പ്രതികൾ കൂട്ടായി പ്രവർത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.
