ശബരിമല സ്വർണക്കൊള്ള: മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റാന്നി കോടതിയാണ് റിമാൻഡ് ചെയ്തത്. അന്വേഷണ സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നില്ല. മുരാരി ബാബുവിനെ ഇന്ന് രാവിലെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. ഇന്നലെ രാത്രി 10 മണിയോടെ ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ ചോദ്യം ചെയ്യൽ പൂർത്തിയക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മുരാരി ബാബുവിന്റെ പ്രവർത്തി ശബരിമലയുടെ പ്രശസ്തിക്ക് കോട്ടം തട്ടാൻ കാരണമായെന്നും മുരാരി ബാബു സ്വർണപ്പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് മനപ്പൂർവമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്വർണകൊള്ളയിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
