ശബരിമല സ്വർണ്ണക്കൊള്ള കേസ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം അനുവദിച്ചു. പക്ഷാഘാതം വന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രശാന്തിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച് കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
നേരത്തെ ജൂലൈ 23-ന് പ്രശാന്ത് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കുറ്റകൃത്യത്തിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് ജാമ്യം നിഷേധിച്ചത്. അതേസമയം, ആരോഗ്യാവസ്ഥ കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവും കേസിലെ 18-ാം പ്രതിയുമായ എ. അജികുമാറിന് അന്ന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
2025-ൽ ഹൈക്കോടതിയുടെ അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വർണം പൂശാനായി പുറത്തേക്ക് കൊണ്ടുപോയ സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് എസ്.ഐ.ടി ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസിൽ 17-ാം പ്രതിയായ പി.എസ്. പ്രശാന്തും എ. അജികുമാറും ചേർന്ന് മറ്റ് പ്രതികൾ ചെയ്ത കുറ്റകൃത്യം മറച്ചുവെക്കാൻ ബോർഡ് ഉത്തരവിറക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിലൂടെ ദ്വാരപാലക താങ്ങുപീഠ പാളികളിൽ നിന്ന് വീണ്ടും സ്വർണം കവർച്ച ചെയ്യാൻ ഒത്താശ ചെയ്യുകയും, ഒന്നും പന്ത്രണ്ടും പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിക്കും പങ്കജ് ഭണ്ഡാരിക്കും അനർഹമായ ലാഭമുണ്ടാക്കി നൽകിയെന്നും എസ്.ഐ.ടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
