ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

  1. Home
  2. Kerala

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

sabarimala  


ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണത്തിന് വേഗം കൂട്ടാൻ ഹൈക്കോടതിയുടെ നിർദേശം. കേസിൽ അന്തിമ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടു.

2025-ൽ സ്വർണം പൊതിഞ്ഞ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസിൽ 54 പേരുടെ മൊഴി രേഖപ്പെടുത്തിയതായും ശാസ്ത്രീയ പരിശോധനാ ഫലങ്ങളിൽ നിന്ന് പ്രതികൾ കുറ്റകൃത്യം നടത്തിയ രീതി വ്യക്തമായതായും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ഇതോടെയാണ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. കേസ് സെപ്റ്റംബർ 3-ന് വീണ്ടും പരിഗണിക്കും.

നേരത്തെ സമർപ്പിച്ച റിപ്പോർട്ടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി. എസ്. പ്രശാന്തിനെയും ദേവസ്വം ഭരണസമിതിയെയും തന്ത്രിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2019ൽ സ്വർണ്ണംപൊതിഞ്ഞ ദ്വാരപാലക പാളികളിൽ അളവ് കുറച്ച് സ്വർണ്ണം പൂശിയ നടപടി മറച്ച് വയ്ക്കാൻ പ്രതികൾ ക്രിമിനൽ ഗൂഡാലോചന നടത്തിയെന്നാണ് എസ്ഐടി കണ്ടെത്തൽ. ദേവസ്വം ചട്ടങ്ങൾ ലംഘിച്ച് ദ്വാരപാലക പാളികൾ ചെന്നൈയിലേക്ക് കൊണ്ട് പോയത് സ്പോൺസറും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ വർഷങ്ങൾ നീണ്ട കൃത്യമായ പദ്ധതിയിലൂടെയെന്നാണ് എസ്ഐടി കണ്ടതായിരുന്നു.