ശബരിമല ഓണസദ്യ വിവാദം; ദേവസ്വം മന്ത്രിയുടെ വാദം തള്ളി ദേവസ്വം പ്രസിഡന്റ്; തിരുവോണ സദ്യ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല
ശബരിമല തിരുവോണ സദ്യ വിവാദത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരന്റെ വാദം തള്ളി ദേവസ്വം പ്രസിഡന്റ് കെ. ജയകുമാർ. തിരുവോണ സദ്യ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും 3,000 ഭക്തർക്ക് സദ്യ നൽകിയെന്നും കെ. ജയകുമാർ പറഞ്ഞു. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓണസദ്യ നൽകുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ദേവസ്വം ബോർഡ് നടത്തിയിരുന്നു. തിരുവോണ സദ്യയെക്കുറിച്ച് അനാവശ്യമായ ദുരൂഹത പരത്തേണ്ടതില്ലെന്നും കെ. ജയകുമാർ പറഞ്ഞു. ഇത്തവണ സദ്യ നടത്താൻ പൊലീസുകാരും മേൽശാന്തിയും മുന്നോട്ടുവന്നില്ല. ജീവനക്കാർ പണം പിരിച്ച് സദ്യ നടത്തുന്നതിനോട് ദേവസ്വം ബോർഡിന് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ മെസിൽ തയ്യാറാക്കിയ സദ്യ 3,000 ഭക്തർ കഴിച്ചെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.
സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന പരാതി ലഭിച്ചെന്നും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്നുമായിരുന്നു മന്ത്രി കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
